2014, ഏപ്രിൽ 22, ചൊവ്വാഴ്ച

അനിൽകുമാറിന്റെ ആരോപണങ്ങൾക്ക് മറുപടി -ഭാഗം രണ്ട്


അനിൽ കുമാർ എഴുതുന്നു: മുഹമ്മദ്‌ അറബികളുടെ മാത്രം പ്രവാചകൻ!!

ദാവാക്കാര്‍ എപ്പോഴും പറയുന്ന കാര്യമാണ് യേശുക്രിസ്തു ഇസ്രായേലിലേക്ക് മാത്രം വന്ന പ്രവാചകനാണ് എന്ന്. അതിനവര്‍ മത്തായി 10:5,6; 15:24 എന്നീ വേദഭാഗങ്ങള്‍ എടുത്തുകൊണ്ട് വരികയും ചെയ്യും. മാത്രമല്ല, മുഹമ്മദ്‌ നബി മുഴുലോകത്തിലേക്കും വന്ന പ്രവാചകനാണ് എന്ന് അവര്‍ അവകാശപ്പെടുകയും ചെയ്യും. അതിനുവേണ്ടി ഖുര്‍ആന്‍ ആയത്തുകളെ വളച്ചൊടിച്ചു വ്യാഖ്യാനിക്കാന്‍ അവര്‍ക്കൊരു മടിയുമില്ല. ഖുര്‍ആനില്‍ നിന്നുള്ള ഏഴു ആയത്തുകളുടെ പിന്‍ബലത്തോടെ നമുക്ക്‌ സ്ഥാപിക്കാന്‍ കഴിയുന്ന കാര്യമാണ് മുഹമ്മദ്‌ അറബികളുടെ മാത്രം പ്രവാചകനാണ് എന്നുള്ളത്. ആ ആയത്തുകള്‍ നമുക്കൊന്ന് പരിശോധിക്കാം:   

                                                                                                                                   
1. “(നബിയേ) താങ്കള്‍ ഒരു മുന്നറിയിപ്പുകാരന്‍ മാത്രമാകുന്നു. ഒരു മാര്‍ഗ്ഗദര്‍ശി എല്ലാ ജനവിഭാഗത്തിനുമുണ്ട്” (സൂറാ.13:7)
എല്ലാ ജനവിഭാഗത്തിനും ഓരോ മാര്‍ഗ്ഗദര്‍ശി എന്ന അല്ലാഹുവിന്‍റെ പ്രമാണമനുസരിച്ചു അറേബ്യന്‍ ജനവിഭാഗത്തിനുള്ള മാര്‍ഗ്ഗദര്‍ശിയാണ് മുഹമ്മദ്‌ . മറ്റു ജനവിഭാഗങ്ങള്‍ അവരവരിലേക്ക് അയക്കപ്പെട്ട മാര്‍ഗ്ഗദര്‍ശികളെ പിന്‍പറ്റിയാല്‍ മതി, മുഹമ്മദിനെ പിന്‍പറ്റണ്ട കാര്യമില്ല.
2) “യാതൊരു ദൈവദൂതനെയും തന്‍റെ ജനതയ്ക്ക് (കാര്യങ്ങള്‍ ) വിശദീകരിച്ചു കൊടുക്കുന്നതിനുവേണ്ടി അവരുടെ ഭാഷയില്‍ (സന്ദേശം നല്കിക്കൊണ്ട്) അല്ലാതെ നാം നിയോഗിച്ചിട്ടില്ല” (സൂറാ.14:4)
ഈ ആയത്തില്‍നിന്നും തെളിയുന്നത് “അറബി ഭാഷ സംസാരിക്കുന്ന ജനതയ്ക്ക് സന്ദേശം നല്‍കുവാന്‍ വേണ്ടി” അല്ലാഹു അയച്ചതാണ് മുഹമ്മദിനെ എന്നാണു. മലയാള ഭാഷ സംസാരിക്കുന്ന ജനതയ്ക്ക് വേണ്ടി ഇതുവരെയും അല്ലാഹുവിന്‍റെ ഒരു ദൂതനും വന്നിട്ടില്ലെങ്കിലും ഈ ആയത്ത് പ്രകാരം ആരെങ്കിലും വരേണ്ടതാണ്. മുഹമ്മദ്‌ ആണെങ്കില്‍ താനാണ് അന്ത്യപ്രവാചകന്‍ എന്ന് പറഞ്ഞും പോയി. ഇനി മലയാള ഭാഷ സംസാരിക്കുന്നവരിലേക്ക് ഒരു ദൂതന്‍ വരില്ലെന്നര്‍ത്ഥം! അങ്ങനെയാണെങ്കില്‍ ഈ ആയത്ത് വെള്ളത്തില്‍ വരച്ച വര പോലെയായി…
3) “അക്ഷരാഭ്യാസമില്ലാത്തവരുടെ ഇടയില്‍ അവരില്‍നിന്ന് ഒരു ദൂതനെ നിയോഗിച്ചവനാകുന്നു അവന്‍ . അദ്ദേഹം അവര്‍ക്ക്‌ അല്ലാഹുവിന്‍റെ വചനങ്ങള്‍ ഓതിക്കൊടുക്കുകയും അവരെ സംസ്കരിക്കുകയം വേദവും വിജ്ഞാനവും അവരെ പഠിപ്പിക്കുകയും ചെയ്യുന്നു” (സൂറാ.62:2)
‘അക്ഷരാഭ്യാസമില്ലാത്തവര്‍ ’ എന്ന് ഇവിടെ പറഞ്ഞിരിക്കുന്നത് മക്കാ നിവാസികളെയാണ്. മുഹമ്മദ്‌ അവരിലേക്ക് വന്ന അല്ലാഹുവിന്‍റെ ദൂതനാണെന്നാണ് ഇവിടെ പറയുന്നത്.
4) “ഇതാ നാം അവതരിപ്പിച്ച, നന്മ നിറഞ്ഞ ഒരു ഗ്രന്ഥം! അതിന്‍റെ മുമ്പുള്ള വേദത്തെ ശരി വെക്കുന്നതത്രേ അത്. മാതൃനഗരി(മക്ക)യിലും അതിന്‍റെ ചുറ്റുഭാഗത്തുമുള്ളവര്‍ക്ക്‌ നീ താക്കീത് നല്‍കാന്‍ വേണ്ടി ഉള്ളതുമാണ് അത്” (സൂറാ.6:92)
മക്കയിലും അതിന്‍റെ ചുറ്റിലും ഉള്ളവര്‍ക്ക് വേണ്ട സന്ദേശവുമായാണ് ഈ ഗ്രന്ഥം (അതായത്, ഖുര്‍ആന്‍ ) അവതരിപ്പിച്ചത്‌ എന്ന് വ്യക്തമായി പറയുമ്പോള്‍ മുസ്ലീങ്ങളെന്തിനാണ് അത് മുഴുലോകത്തിനും വേണ്ടിയുള്ളതാണെന്ന് വാശി പിടിക്കുന്നത്‌?
5) “നിനക്ക് നാം അറബി ഭാഷയിലുള്ള ഖുര്‍ആന്‍ ബോധനം നല്‍കിയിരിക്കുന്നു. ഉമ്മുല്‍ഖുറാ(മക്ക)യിലുള്ളവര്‍ക്കും അതിനു ചുറ്റുമുള്ളവര്‍ക്കും നീ താക്കീത് നല്‍കാന്‍ വേണ്ടിയും സംശയരഹിതമായ സമ്മേളന ദിവസത്തെപ്പറ്റി നീ താക്കീത് നല്‍കാന്‍ വേണ്ടിയും” (സൂറാ.42:7).
മക്കയിലും അതിനു ചുറ്റുമുള്ള അറബി ഭാഷ സംസാരിക്കുന്നവര്‍ക്ക് മാത്രമുള്ളതാണ് മുഹമ്മദ്‌ അവതരിപ്പിച്ച സന്ദേശം എന്ന് ഇവിടെയും വ്യക്തമായി പറഞ്ഞിരിക്കെ മുഹമ്മദ്‌ മുഴുലോകത്തിലേക്കും അയക്കപ്പെട്ട പ്രവാചകനാണെന്ന് വാദിക്കുവാന്‍ മുസ്ലീങ്ങള്‍ക്ക്‌ എങ്ങനെ മനസ്സ് വരുന്നുവോ, ആവോ? മാത്രമല്ല, ഈ ആയത്തിന് വളരെ വിചിത്രമായ ഒരു വ്യാഖ്യാനം ഈയിടെ കേള്‍ക്കുവാന്‍ ഇടയായി. ‘ഉമ്മുല്‍ഖുറാ’ എന്നുപറഞ്ഞാല്‍ ‘ഗ്രാമങ്ങളുടെ പട്ടണം’ എന്നാണു അര്‍ത്ഥമത്രെ. നിച്ച് ഓഫ് ട്രൂത്തിലെ മുഹമ്മദലി മാസ്റ്റര്‍ ആണ് ഇങ്ങനെയൊരു വ്യാഖ്യാനം കണ്ടുപിടിച്ചത്. അദ്ദേഹമാണെങ്കില്‍ എബ്രായ,ഗ്രീക്ക് പണ്ഡിതനാണ് എന്നാണു വെയ്പ്പ്. ഈ വിശദീകരണം കേട്ടപ്പോള്‍ ആണ് അറബി പോലും അദ്ദേഹത്തിന് നേരാം വണ്ണം അറിയില്ല എന്ന് മനസ്സിലായത്‌ . അറബി അറിയാവുന്ന ആരോട് ചോദിച്ചാലും അവര്‍ പറഞ്ഞു തരും, ഉമ്മുല്‍ഖുറാ എന്ന് പറഞ്ഞാല്‍ ‘നഗരങ്ങളുടെ മാതാവ്’ എന്നാണു അര്‍ത്ഥമെന്ന്. ഇസ്ലാമിക സാഹിത്യത്തില്‍ ‘നഗരങ്ങളുടെ മാതാവ്’ എന്ന് വിശേഷിപ്പിക്കുന്നത് മക്ക നഗരത്തെയാണ്. അതുപോലും അറിയാതെയാണ് ഈ പണ്ഡിതമ്മന്യന്മാര്‍ ഖുര്‍ആന് വ്യാഖ്യാനം ചമക്കാന്‍ പുറപ്പെടുന്നതു, കഷ്ടം!
6) “നന്മ ചെയ്തവന് (അനുഗ്രഹത്തിന്‍റെ) പൂര്‍ത്തീകരണമായിക്കൊണ്ടും, എല്ലാ കാര്യത്തിനുമുള്ള വിശദീകരണവും മാര്‍ഗ്ഗദര്‍ശനവും കാരുണ്യവുമായിക്കൊണ്ടും പിന്നീട് മൂസാക്ക് നാം വേദഗ്രന്ഥം നല്‍കി. തങ്ങളുടെ രക്ഷിതാവുമായുള്ള കൂടികാഴ്ചയില്‍ അവര്‍ വിശ്വസിക്കുന്നവരാകാന്‍ വേണ്ടി. ഇതാകട്ടെ നാം അവതരിപ്പിച്ച നന്മ നിറഞ്ഞ ഗ്രന്ഥമത്രേ.അതിനെ നിങ്ങള്‍ പിന്‍പറ്റുകയും സൂക്ഷ്മത പാലിക്കുകയും ചെയ്യുക. നിങ്ങള്‍ക്ക് കാരുണ്യം ലഭിച്ചേക്കാം. ‘ഞങ്ങളുടെ മുന്‍പിലുള്ള രണ്ടു വിഭാഗങ്ങള്‍ക്ക് മാത്രമേ വേദഗ്രന്ഥം അവതരിപ്പിക്കപ്പെട്ടിട്ടുള്ളൂ; അവര്‍ വായിച്ചു പഠിച്ചുകൊണ്ടിരിക്കുന്നതിനെപ്പറ്റി ഞങ്ങള്‍ തീര്‍ത്തും ധാരണയില്ലാത്തവരായിരുന്നു’ എന്ന് നിങ്ങള്‍ പറഞ്ഞേക്കാം എന്നതിനാലാണ് (ഇതവതരിപ്പിച്ചത്)” (സൂറാ.6:154-156)
(സൂറാ.6:156-നു എം.എം.അക്ബറിന്‍റെ ഖുര്‍ആനില്‍ അടിക്കുറിപ്പ് കൊടുത്തിട്ടുള്ളത് ഇപ്രകാരമാണ്: “പരലോകത്ത് നിങ്ങള്‍ വിചാരണ ചെയ്യപ്പെടുമ്പോള്‍ ഒരുവേള ഇങ്ങനെ പറഞ്ഞേക്കാം: “അറബികളായ ഞങ്ങള്‍ക്ക്‌ ഞങ്ങളുടെ ഭാഷയില്‍ ഒരു വേദവും നല്കപ്പെട്ടിട്ടില്ല. യഹൂദര്‍ക്കും ക്രിസ്ത്യാനികള്‍ക്കും നല്‍കപ്പെട്ട വേദം ഞങ്ങള്‍ക്ക്‌ അറിഞ്ഞുകൂടാ. അതിനാല്‍ ഞങ്ങളെ ശിക്ഷിക്കരുതേ!” ഇങ്ങനെയൊരു ന്യായവാദത്തിന് അവസരമുണ്ടാകാതിരിക്കാനാണ് നിങ്ങളുടെ അറിവിനായി വേദഗ്രന്ഥം അവതരിപ്പിച്ചു തന്നത്.”)
ഈ മൂന്നു ആയത്തുകളില്‍ നിന്നും മനസ്സിലാകുന്ന കാര്യം എന്താണ്? മൂസയ്ക്ക് നല്‍കപ്പെട്ട വേദഗ്രന്ഥം പരിപൂര്‍ണ്ണമാണ്. അനുഗ്രഹത്തിന്‍റെ പൂര്‍ത്തീകരണവും എല്ലാ കാര്യത്തിനുള്ള വിശദീകരണവും മാര്‍ഗ്ഗദര്‍ശനവും അതിലുണ്ട്. എന്നാല്‍ അറബികളെ സംബന്ധിച്ചിടത്തോളം ആ ഗ്രന്ഥം വിദേശഭാഷയില്‍ ആയതിനാല്‍ അത് വായിച്ചു മനസ്സിലാക്കാന്‍ അവര്‍ക്ക് കഴിയുന്നില്ല. അതുകൊണ്ട് അറബികള്‍ക്ക് വേണ്ടി അറബി ഭാഷയില്‍ അല്ലാഹു അവതരിപ്പിച്ചതാണ് ഖുര്‍ആന്‍. അറബികള്‍ അല്ലാത്തവര്‍ അത് പിന്‍പറ്റണ്ട കാര്യമില്ല. മാത്രമല്ല, മൂസയ്ക്ക് അവതരിപ്പിച്ച പരിപൂര്‍ണ്ണമായ ഗ്രന്ഥം ഇപ്പോള്‍ അറബി ഭാഷയില്‍ തര്‍ജ്ജമ ചെയ്തു കൊടുക്കുകയും ചെയ്തിട്ടുള്ളതിനാല്‍ അറബികളും ആ പരിപൂര്‍ണ്ണമായ ഗ്രന്ഥത്തെയാണ് പിന്‍പറ്റണ്ടത്!!
7. “തീര്‍ച്ചയായും നാം ഇതിനെ അറബി ഭാഷയിലുള്ള ഒരു ഖുര്‍ആനാക്കിയിരിക്കുന്നത് നിങ്ങള്‍ ചിന്തിച്ചു മനസ്സിലാക്കുന്നതിനു വേണ്ടിയാകുന്നു” (സൂറാ. 43:3).


  

മറുപടി:
അനിൽകുമാറിന്റെ വാദങ്ങൾ പ്രകാരം മുഹമ്മദ്‌ നബി ( സ) അറബികൾക്ക് ഇടയിലേക്ക് നിയുക്തനായ പ്രവാചകൻ മാത്രമാണ് എന്നാണ് അനിൽകുമാറിന്റെ ദുർവ്യാഖ്യാനം. ഈ ആരോപണത്തിന് ഖുർആനിൽ തന്നെ മറുപടിയുണ്ട്.

"ലോകത്തിന് മുഴുവന്‍ കാരുണ്യമായിട്ടാണ് നിന്നെ നാം നിയോഗിച്ചത്'’(21: 107)
ലോകത്തിന് മുഴുവൻ അനുഗ്രഹമായാണ് പ്രവാചകൻ നിയുക്തനായത് എന്നാണു ഖുർആൻ വ്യക്തമായി പറയുന്നത്. ഖുർആൻ വീണ്ടും വ്യക്തമാക്കുന്നത് കാണുക:

"തന്‍റെ ദാസന്‍റെ മേല്‍ സത്യാസത്യവിവേചനത്തിനുള്ള പ്രമാണം (ഖുര്‍ആന്‍) അവതരിപ്പിച്ചവന്‍ അനുഗ്രഹപൂര്‍ണ്ണനാകുന്നു. അദ്ദേഹം (റസൂല്‍) ലോകര്‍ക്ക് ഒരു താക്കീതുകാരന്‍ ആയിരിക്കുന്നതിനു വേണ്ടിയത്രെ അത്‌. (25:1)

لِلْعَالَمِين എന്ന വാക്കാണ്‌ ഈ രണ്ട് വചനങ്ങളിലും ഖുർആൻ പ്രയോഗിക്കുന്നത്. ആലമീൻ എന്ന വാക്കിന്റെ അർത്ഥ വ്യാപ്തി ഈ പ്രപഞ്ചത്തോളം വിശാലമാണ് എന്ന് അറിയാഞ്ഞിട്ടായിരിക്കാം അനിൽ ഈ ആരോപണവുമായി വന്നത്.പ്രവാചകൻ ലോകത്തിനു മുഴുവനായി നിയുക്തനായ ദൈവ ദൂതൻ ആണെന്ന വാദം മുസ്ലിംകൾ ഖുർആൻ വ്യാഖ്യാനിച്ചു കൊണ്ട് നുണ പറയുകയാണ്‌ എന്ന് ആരോപിക്കുന്ന അനിലിന്റെ ആരോപണങ്ങളുടെ അടിക്കല്ല് തകർക്കുകയാണ് ഈ രണ്ടു വചനങ്ങൾ.
ഇനിയും കാണുക, അനിൽ കുമാർ കാണാത്ത വചനങ്ങൾ: 

"സംശയമില്ല; മനുഷ്യര്‍ക്കാകമാനമുള്ള സത്യസന്ദേശവുമായി നാം നിനക്ക് ഈ വേദപുസ്തകം ഇറക്കിത്തന്നിരിക്കുന്നു. അതിനാല്‍ ആരെങ്കിലും നേര്‍വഴി സ്വീകരിച്ചാല്‍ അതിന്റെ നന്മ അവനു തന്നെയാണ്. വല്ലവനും വഴികേടിലായാല്‍ അതിന്റെ ദോഷവും അവനുതന്നെ. നീ അവരുടെ കൈകാര്യകര്‍ത്താവൊന്നുമല്ല." (39:41)
"ഇത് മുഴുവന്‍ മനുഷ്യര്‍ക്കുമുള്ള സന്ദേശമാണ്. ഇതിലൂടെ അവര്‍ക്ക് മുന്നറിയിപ്പ് നല്‍കാന്‍. അവന്‍ ഏകനായ ദൈവം മാത്രമാണെന്ന് അവരറിയാന്‍. വിചാരശാലികള്‍ ചിന്തിച്ചു മനസ്സിലാക്കാനും." (14:52)  

'മനുഷ്യർക്ക്‌ ' എന്നാണ് ഖുർആൻ പറയുന്നത്. അറബികൾക്ക് മാത്രം എന്നല്ല. ലോകത്തുള്ള സർവ മനുഷ്യർക്കും മാർഗ്ഗ ദർശനമാണ് ഖുർആൻ എന്നാണ്‌ പറയുന്നത്. അറബികളെ മാത്രമേ മനുഷ്യരായി അനിൽ കാണുന്നുള്ളൂവെങ്കിൽ എനിക്ക് ഒന്നും പറയാനില്ല.  


മുകളിൽ കൊടുത്ത ഏതാനും വചനങ്ങൾ തന്നെ ഇക്കാര്യത്തിൽ അനിൽകുമാറിന്റെ ആരോപണങ്ങളുടെ സത്യാവസ്ഥ മനസ്സിലാക്കാൻ പര്യാപ്തമാണ്. കാലാ കാലങ്ങളായി മിഷനറിമാർ പ്രചരിപ്പിക്കുന്ന വാറോലകൾ മാത്രമാണിവ.ഇനി അനിൽകുമാറിന്റെ ദുർവ്യാഖ്യാനങ്ങൾ കൂടി പരിശോധിക്കാം:   

സത്യനിഷേധികള്‍ ചോദിക്കുന്നു: "ഇയാള്‍ക്ക് ഇയാളുടെ നാഥനില്‍ നിന്ന് ഒരു ദൃഷ്ടാന്തവും ഇറക്കിക്കിട്ടാത്തതെന്ത്?” എന്നാല്‍ നീ ഒരു മുന്നറിയിപ്പുകാരന്‍ മാത്രമാണ്. എല്ലാ ജനതക്കുമുണ്ട് ഒരു വഴികാട്ടി. (13:7)   

ഈ വചനം എങ്ങനെയാണ് ദുർവ്യാഖ്യാനം ചെയ്യപ്പെടുന്നത് എന്ന് മനസിലാവുന്നില്ല . ജനങ്ങൾ (ജന സമൂഹം). എന്നാണ് ഖുർആന്റെ പ്രയോഗം. പ്രവാചകൻ അന്ത്യ ദൂതർ ആണെന്ന് ഖുർആൻ വ്യക്തമായി തന്നെ പറയുന്നു. അതിനാൽ തന്നെ ആ പ്രവാചകന്റെ ജനത അദേഹത്തിന്റെ സമകാലികരും ഭാവി സമൂഹവുമാണ്. അവർ ലോകത്തെ മുഴുവൻ ജനങ്ങളുമാണെന്ന് ഖുർആൻ പറഞ്ഞത് മുകളിൽ കൊടുത്തിട്ടുണ്ട്‌.  

4) “ഇതാ നാം അവതരിപ്പിച്ച, നന്മ നിറഞ്ഞ ഒരു ഗ്രന്ഥം! അതിന്‍റെ മുമ്പുള്ള വേദത്തെ ശരി വെക്കുന്നതത്രേ അത്. മാതൃനഗരി(മക്ക)യിലും അതിന്‍റെ ചുറ്റുഭാഗത്തുമുള്ളവര്‍ക്ക്‌ നീ താക്കീത് നല്‍കാന്‍ വേണ്ടി ഉള്ളതുമാണ് അത്” (സൂറാ.6:92)   

മക്കക്കാരാണ് നബിയുടെ പ്രാഥമിക പ്രബോധിത സമൂഹം.ആ താകീത് അവരിൽ മാത്രം ഒതുങ്ങുന്നില്ലെന്ന് ആലമീൻ എന്ന ആവർത്തിച്ചുള്ള പ്രയോഗത്തോടെ പകൽ പോലെ വ്യക്തമായി. ഖുർആനിന്റെ ശൈലി മനസ്സിലാക്കാത്തത് കൊണ്ടാണ് അനിൽകുമാർ ഈ വാദങ്ങളുമായി വരുന്നത്. ഖുർആൻ പ്രാഥമികമായി അഭിസംബോധന ചെയ്യുന്നത് പ്രവാചകനെ തന്നെയാണ്. പിന്നീട് നബിയുടെ അനുയായികളെ, പിന്നീട് ലോക സമൂഹത്തെ.    

ഇഖ്രഹ് ( വായിക്കുക ) എന്ന ഖുർആന്റെ കല്പ്പന ആദ്യമായി നബിക്കാണ്. പക്ഷെ, അത് പ്രവാചകനിൽ ഒതുങ്ങുന്നില്ല. ലോകാവസാനം വരെയുള്ള മാനവരാശിക്ക് ആ കൽപ്പന ബാധകമാണ്. അതേ പ്രകാരം തന്നെ ഖുർആൻ പഠിപ്പിക്കുന്ന ഓരോ കാര്യവും പ്രാഥമികമായി നബിയെയും നബിയുടെ സമകാലിക സമൂഹത്തെയും തന്നെയാണ് അഭിസംബോധന ചെയ്യുന്നത് .അതിനർത്ഥം അവ നബിയിലോ അന്നത്തെ സമൂഹത്തിലോ മാത്രം ഒതുങ്ങുന്നു എന്നല്ല. ഖുർആൻ വളരെ വ്യക്തമായി ലോക ജനതയ്ക്ക് മുഴുവനും മാർഗ്ഗ ദർശനമാണ് എന്ന് പറയുമ്പോൾ ഇക്കാര്യത്തിൽ മറ്റു ദുര്വ്യാഖ്യാനങ്ങൾക്ക്‌ പഴുതില്ലാത്തതാണ് .  

“യാതൊരു ദൈവദൂതനെയും തന്‍റെ ജനതയ്ക്ക് (കാര്യങ്ങള്‍ ) വിശദീകരിച്ചു കൊടുക്കുന്നതിനുവേണ്ടി അവരുടെ ഭാഷയില്‍ (സന്ദേശം നല്കിക്കൊണ്ട്) അല്ലാതെ നാം നിയോഗിച്ചിട്ടില്ല” (സൂറാ.14:4)

ഈ വചനം അനിൽ വ്യാഖ്യാനിച്ച പ്രകാരം വ്യാഖ്യാനിച്ചാൽ അരാമിക് ഭാഷയുടെ കാലം കഴിഞ്ഞതോടെ യേശുവിന്റെ ദൌത്യം അപ്രസക്തമായി.വടി കൊടുത്തു അടിവാങ്ങുക എന്ന് പറയുന്നത് ഇതിനാണ്. ബൈബിൾ കാണുക:

ഇസ്രയേല്‍ ഭവനത്തിലെ കാണാതെ പോയ ആടുകളുടെ അടുക്കലേക്കല്ലാതെ എന്നെ അയച്ചിട്ടില്ല" (മത്തായി 15:24)
ഈ വചന പ്രകാരം യേശു ഇസ്രായേലി പ്രവാചകൻ മാത്രമാണ്.

തന്റെ ആരോപണങ്ങളുടെ അവസാന ഭാഗത്ത്‌ താൻ വെറും അറബികൾക്കുള്ള പ്രവാചകൻ മാത്രമാണെന്ന് മുഹമ്മദ്‌ നബി വിശ്വസിച്ചിരുന്നു. എന്ന് അടിച്ചുവിടുന്നുണ്ട് .ലോക ജനതയ്ക്ക് ആകമാനമുള്ള ദൂതൻ ആണെന്ന് മുസ്ലിംകൾ പറഞ്ഞു പ്രചരിപ്പിച്ചത് ആണെന്നും സ്വന്തം വക എഴുതി വിട്ടിട്ടുണ്ട് . അപ്പോൾ ഞാൻ ആദ്യം ഉദ്ദരിച്ച ആയത്തുകൾ കാണാത്തതാണോ കണ്ടില്ലെന്നു നടിക്കുകയാണോ എന്നൊക്കെ ചോദിക്കേണ്ടി വരും.ചുരുക്കത്തിൽ അവിടെ നിന്നും ഇവിടെ നിന്നും ചില ഭാഗങ്ങൾ അടർത്തി മാറ്റി തെറ്റിധാരണ പരത്താനുള്ള ദുർബലമായ ശ്രമമാണ് ഇവിടെ പാളിപ്പോയത്.
(തുടരും.)

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ